ചുവന്ന കല്ലറ (റോബിൻ റോയ് )

 

മലയാളത്തിൽ ക്രൈം ഫിക്ഷൻ എഴുതാൻ ശ്രമിക്കുന്നയാളെന്ന നിലയിൽ ശ്രദ്ധയിൽപ്പെടുന്ന , പല ഭാഷകളിലായുള്ള ക്രൈം ഫിക്ഷൻ രചനകൾ തേടിപ്പിടിച്ച് വായിക്കാൻ ശ്രമിക്കാറുണ്ട് . ഇൻസ്റ്റാ റീലുകൾ കണ്ട് ശ്രദ്ധിച്ച , നവാഗതനായ റോബിൻ റോയ്  എഴുതിയ 'ചുവന്ന കല്ലറ ' എന്ന നോവൽ വായനയ്ക്കായി എത്തപ്പെട്ടത് അങ്ങനെയാണ് .

പുസ്തകത്തിന്റെ കവർ ചിത്രവും ടൈറ്റിലും സൂചിപ്പിക്കുന്നത് പോലെ ഇതൊരു പൾപ്പ് നോവലാണ് .('ജനപ്രിയം ' വായനയ്ക്കായി എടുത്തിട്ട് ഇതിൽ 'സാഹിത്യത്വം  ' ഇല്ലേ എന്ന് പരിഭവം തോന്നാനിടയുള്ളവർക്കായി മുൻകൂട്ടി സൂചിപ്പിച്ചു എന്നേയുള്ളൂ ). ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ തൊണ്ണൂറുകളിലും , രണ്ടായിരങ്ങളുടെ ആദ്യ പാദങ്ങൾ വരേയും ജനപ്രിയ വാരികകളിൽ പ്രസിദ്ധീകരിച്ചു പോന്നിരുന്ന പൾപ്പ് നോവലുകളുടെ 'വൈബ് ' പിന്തുടരുന്ന നോവലാണ് ഇത് . 

ഫെലിക്സ് എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഒരു സർവീസ് സ്റ്റോറി എഴുതാൻ തീരുമാനിക്കുന്നു . അതിനായി അയാളെ സമീപിക്കുന്ന രാമചന്ദ്രൻ എന്ന (പത്രപ്രവർത്തകൻ ) എഴുത്തുകാരനുമായി    തന്റെ സർവീസ് ജീവിതത്തിൽ, തന്നെ ഏറ്റവുമധികം വേട്ടയാടിയ 'ബെന്നറ്റ് ' എന്ന സഹപ്രവർത്തകന്റെ ദുരൂഹ മരണത്തെക്കുറിച്ചും  അതുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും   അയാൾ പങ്കു വെക്കുന്നു . തുടർന്ന് രാമചന്ദ്രൻ , പ്രസ്തുത അന്വേഷണത്തെക്കുറിച്ച് വിശദമായി എഴുതുന്നു . വർഷങ്ങൾക്ക് മുൻപ് നടന്ന ആ അന്വേഷണവും , രാമചന്ദ്രൻ ആ പുസ്തകത്തിൽ എഴുതാതെ വിട്ടു കളഞ്ഞ ഭാഗങ്ങളുമാണ് 'ചുവന്ന കല്ലറ ' എന്ന ഈ ചെറു ത്രില്ലർ നോവലിന്റെ ഇതിവൃത്തം.

ഇത്തരത്തിലുള്ള ഒരു നോവലിന് ഏറ്റവും വേണ്ട 'റീഡബിലിറ്റി ' എന്ന ഘടകം ഈ നോവലിന് നന്നായി ഉണ്ടെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മയായി എനിക്ക് തോന്നിയത് . കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്ന ട്വിസ്റ്റുകളും , അനാവശ്യ ഉപകഥകളിലേക്ക് പോകാതെയുള്ള ചടുലമായ അവതരണവും genre fiction വായിക്കുവാൻ താല്പര്യമുള്ള വായനക്കാർക്ക് ഈ നോവൽ മോശമല്ലാത്ത ഒരു വായനാനുഭവം സമ്മാനിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . ഒരു സാധാരണ ക്രൈം നോവൽ ആയി മാറിപ്പോയേക്കാമായിരുന്ന ഈ കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത് , ഇതിന്റെ അവസാന ഭാഗങ്ങളാണ്  (ഫെലിക്സ് -രാമചന്ദ്രൻ final revelation ).

ഇത്തരത്തിലൊരു നോവൽ ആയത് കൊണ്ട് തന്നെ ഭാഷാപരമായി പുതുമകൾ തേടുന്നതിൽ അർത്ഥമില്ലെങ്കിലും അങ്ങിങ്ങായി കടന്നു വരുന്ന ചില നറേഷൻ പിശകുകളും (ചിലയിടങ്ങളിൽ ഫസ്റ്റ് പേഴ്സൺ ആഖ്യാനത്തിൽ നിന്നും തേർഡ് പേഴ്സൺ ആഖ്യാനത്തിലേക്ക് jump shift സംഭവിക്കുന്നുണ്ട്.  ആദ്യ ഭാഗങ്ങളിലെ ഡയറി പോർഷൻസ് ഒക്കെയും ഇക്കാരണത്താൽ ആശയക്കുഴപ്പം ഉളവാക്കുന്നുണ്ട്),  അക്ഷര തെറ്റുകളും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി . പോസ്റ്റ് മോർട്ടം രംഗങ്ങളിലെ ചില സാങ്കേതികപ്പിഴവുകളും മറ്റും   (രാത്രി പോസ്റ്റ് മോർട്ടം ചെയ്യുന്ന ഡോക്ടർ / ചില്ലു ഭരണികളിലെ തലച്ചോറുകൾ / ടേബിളിലെ viscera തുറന്നു വെച്ച മൃത ശരീരങ്ങൾ ) പഴയ കാല പൾപ്പ് നോവലുകളെ അനുസ്മരിപ്പിക്കുന്നുണ്ട്  . നോവലിൽ ഉടനീളം ട്വിസ്റ്റുകൾ ഉണ്ടെങ്കിലും , അല്പം കൂടി വികസിപ്പിച്ചിരുന്നുവെങ്കിൽ അവയ്‌ക്കൊക്കെയും അല്പം കൂടി ഇമ്പാക്ട് സാധ്യമാവുമായിരുന്നു എന്ന് തോന്നി  (skeleton identity , ancy portions ). കഥ വേഗം പറഞ്ഞു തീർക്കാനുള്ള വ്യഗ്രത കൊണ്ടാവണം ചിലയിടങ്ങളിലെങ്കിലും ഒരു amateur feel ജനിപ്പിക്കുന്നുണ്ട് നോവൽ ( ഫെലിക്സിന്റെ character establishment , sunny -ancy episode ) ഫെലിക്സ് എന്ന കേന്ദ്ര കഥാപാത്ര നിർമ്മിതിയിലും ഒരൽപ്പം ക്ളീഷേ ഫീൽ ഉണ്ടായിരുന്നു . എങ്കിലും എഴുത്തുകാരന്റെ ആദ്യ നോവൽ എന്ന നിലയിൽ ഇവയെല്ലാം ഒരു പരിധി വരെ അവഗണിക്കാം എന്ന് തോന്നുന്നു . ലക്ഷണമൊത്ത ആദ്യ നോവൽ എഴുതുവാൻ ആർക്കാണ് സാധിക്കുക ?

നോവലിന്റെ ജനുസ്സ് മനസ്സിലാക്കിയാൽ വലിയ കല്ലുകടികൾ ഇല്ലാതെ, ഉദ്വെഗം ചോരാതെ  വളരെ വേഗത്തിൽ വായിച്ചു പൂർത്തിയാക്കാൻ പറ്റുന്ന ഒന്നാണ് 'ചുവന്ന കല്ലറ '. 

റോബിൻ റോയ് എന്ന എഴുത്തുകാരന് ഇനിയും മികച്ച രചനകൾ സാധ്യമാവും എന്ന് തന്നെയാണ് വിശ്വാസം , ആശംസകളോടെ

- നിഖിലേഷ്‌ മേനോൻ

No comments:

Post a Comment

Keep reading, keep suggesting, keep commenting

Book Review: The Tenant by Freida Mcfadden

    I am a great fan of Freida Mcfadden and I have read almost everything written by her till date (including her kindle works). Though know...